Monday, May 13, 2019

നിശാശലഭങ്ങളുടെ സ്വപ്നം

ഇനിയെഴുതേണ്ടത്  സ്വപ്നങ്ങളെക്കുറിച്ചാണ്.  കണ്ണടഞ്ഞാൽ കുഴിഞ്ഞു താഴേക്കു  വീഴുന്ന ഉറക്കത്തിന്റെ
ഗുരുത്വാകർഷണം ഏറെയുള്ള  സമയസ്ഥല മണ്ഡലങ്ങൾ...

വിഷാദം എഴുതി,  വിഷാദം കേട്ടു  വിഷാദത്തോടെ  നൃത്തം ചെയ്തിരുന്ന  പഴയ എന്നെ മുടിത്തുമ്പു മുതൽ  വിരലറ്റം വരെ പുതുക്കുന്നതിനാവാം.

ദുസ്വപ്നങ്ങളെ ഭയന്ന് ഉറങ്ങാതെ ഉണർന്നിരുന്നു തീർത്ത രാത്രികളോടുള്ള വാശിയാവാം.. 

ഭംഗിയുള്ള സ്വപ്‌നങ്ങൾ കാണാൻ കൂട്ട് കിട്ടിയതിന്റെ സന്തോഷമാവാം

നിലാവ് പോലെ മനം മയക്കുന്ന,  സ്വപ്നങ്ങളേക്കാളും ചന്തമുള്ള  മനസിന്റെ പുതുനിലങ്ങളോടുള്ള പ്രേമമാവാം..

ഇത് തുടങ്ങിയത് ഇങ്ങനെയായിരുന്നു.. ചുഴലിക്കാറ്റ് കൂടിയ മഴത്തുള്ളി കടുത്ത മഴയാവുന്നു 

മഴയും കാറ്റും വന്നു വെളിച്ചം കളയുന്നു 

മെഴുകുതിരി കത്തിക്കാതെ ഇദിത് പിയാഫിന്റെ പാട്ടുകേട്ട് ഞാൻ മുറിയിലെ അരക്ഷിതാവസ്ഥയോടും വിഷാദത്തോടും ഒന്നാവുന്നു.. 

ഇരുട്ടിലേക്കിറങ്ങി നടന്നപ്പോൾ തണുപ്പ് തേടി വന്ന തേളുകളുടെയും തവളകളുടെയും കൂട്ടത്തിലാണ് അവനെ കണ്ടത്.. അവൻ അവരിലേക്കും എന്നെ എത്തിച്ചു. ഉറക്കമില്ലാത്ത അ രാത്രി പുക വലിച്ചും ചായ കുടിച്ചും ഒന്നിച്ചിരുന്നപ്പോൾ സംഗീതമില്ലെങ്കിലും തലക്കുള്ളിൽ നിർത്താൻ മറന്ന മ്യൂസിക് പ്ലെയറിൽ നിന്നെന്ന പോലെ പാട്ടുണ്ട്.  


ഭൂമി ഞങ്ങൾക്ക് താഴെ . കടൽ തൊട്ടു മുന്നിൽ. ഞങ്ങൾ മാത്രം ധ്യാനത്തിന്റെ ശക്തിയാൽ കണ്ട ചുവന്ന പേരില്ലാത്ത വെളിച്ചം, അവർ പാടുന്ന പാട്ടുകളും പാട്ടിൽ അലിഞ്ഞ നൊമ്പരവും.  

സ്വപ്നം തുടങ്ങിയിട്ട് നേരമൊത്തിരി ആയെന്നു ഞാൻ എന്നെ ഓർമ്മിപ്പിക്കാൻ മറന്നു. പൂമ്പാറ്റയായി നിറമുള്ള ചിറകുള്ള ഞാൻ.. ശബ്ദങ്ങൾക്ക് നിറവും ചിന്തകൾക്ക് ഈണവും ഓർമകൾക്ക് മണവും... അവരെല്ലാം 

 കലമാൻ, മൂങ്ങ, ചെമ്മരിയാട്, കരികില പക്ഷി എന്നിവയെ പോലെ സാധുക്കൾ ആയിരുന്നു. കണ്ണിൽ കാടിന്റെ നന്മ. പാട്ടിൽ സ്നേഹം. സന്തോഷം വെച്ച് തുന്നിപിടിപ്പിച്ച നീണ്ട മുടിയിലെ പൂക്കൾ. കടൽത്തീരത്ത് ശ്മശാനത്തിലെ തീ കെട്ടിട്ടില്ലായിരുന്നു. അത് കണ്ട് കാറ്റ് പോലും കൊണ്ട് ശബ്ദം ഉണ്ടാക്കാതെ മൂകമായി പനകൾ നിലകൊണ്ടു. വെളുപ്പിന് നാലു മണിക്ക് അവയിൽ ഒരു തരം പ്രാർത്ഥന പൂർവമായ ചടങ്ങ് പോലെ ചെത്തുകാരൻ കയറുന്നത് നോക്കി ഞങൾ താഴെ കാത്ത് നിന്നു. കള്ളിന്റെ മധുരം നാവിൽ നിന്നു മായുന്ന അതേ വേഗത്തിൽ തീരത്ത് പുലർച്ചയെത്തി.


ഇപ്പോൾ പാട്ട് പാടുന്നത് കടലാണ്. കണ്ണീരും തേങ്ങലും പൊട്ടിച്ചിരിയും മൂളിപ്പാട്ടും പിടിച്ചു വാങ്ങി സുന്ദരമായി അങ്ങ് പാടിക്കൊണ്ടിരുന്നു.. 

പനക്കൂട്ടങ്ങൾക്ക് കീഴെ ഞങ്ങൾ ഉന്മാദികളുടെ സ്വപ്നം.. 

കിളികളായി കാട്ടിലെ പൂക്കളായി പൂവിലെ പൂമ്പാറ്റയും കടലിലെ മീനുമായി. പനയിലെ യക്ഷിയും യക്ഷി കുടിക്കുന്ന പനങ്കള്ളിലെ നുരയുമായി ..