Wednesday, May 2, 2018

കരിയിലകൾ ചീഞ്ഞ മണം ഈ   പള്ളിക്കുള്ളിൽ  ഈ  മണം ഞാൻ മാത്രമാണോ അനുഭവിക്കുന്നത് എന്ന്‌  അത്ഭുതപെട്ടുപോയി. ചുവടുകളുടെ പതിഞ്ഞ ശബ്ദം പോലും പള്ളിയുടെ കൂറ്റൻ ചുവരുകളിൽ പ്രതിധ്വനിക്കുന്നു.മെഴുകുതിരികളുടെ വെട്ടവും  ചൂടും മണവും തങ്ങി നിന്ന അകത്തളത്തിന്  അഭൗമമായ ഒരു പരിവേഷമുണ്ടായിരുന്നു.
ഈ പള്ളിയിൽ എത്താൻ അര ദിവസത്തെ യാത്ര വേണ്ടി വന്നു .അടുത്തുള്ള അമ്പലത്തിലേക്കാണ് ഇനി  പോവേണ്ടത്.വഴിപാടുകളെപ്പറ്റിയൊന്നും അറിയില്ല.
കണ്ണടച്ച് നിന്ന് പ്രാർത്ഥിച്ചു.പൂജാരിയോട് കാര്യം പറഞ്ഞു പണം കൊടുത്തു പടിയിറങ്ങി

  ഇനി എങ്ങോട് ?

ദൈവ രൂപങ്ങൾ ഒരുപാടുണ്ട്...
അവെരലാം ദിനരാത്രങ്ങൾ കഴിച്ചുകൂട്ടുന്ന ഇടങ്ങളുമുണ്ട്.
അലഞ്ഞു നടന്നാൽ ഭൂമിയിൽ കാണാനൊക്കുമോ പരകോടിയിലലിഞ്ഞ ശക്തിയെ!
ഒരുനിമിഷം ഹൃദയം കൊണ്ട്  എളിമയോടെ എന്തിനെയോ തൊഴുതു.
പ്രാർത്ഥിച്ചു.

എന്‍റെ പ്രിയപ്പെട്ടവന്റെ പിറന്നാളാണിത്.

ആപത്തിലും ദുഖത്തിലും പെടുത്താതെ കാക്കണം..
ആഗ്രഹങ്ങളും സ്വപ്നങ്ങളും നടത്തി കൊടുക്കണം....
ആനന്ദത്തോടെ സ്നേഹത്തോടെയിരിക്കാൻ കനിവുണ്ടാകണം..

കണ്ണിൽ ഒരുതുള്ളി എന്തോ തിളച്ചുരുകി... ഹൃദയത്തിനുള്ളിലെ തീരുമാനങ്ങൾ  ആ നീർതുള്ളിയെ പൊഴിക്കാതെ തിരിച്ചു വിളിച്ചു.
നിന്‍റെ പിറന്നാൾ...
ഒരു പക്ഷെ!...
ഇല്ല ആ വാക്ക്  ആലോചിക്കാൻ പോലും പാടില്ല.
കാലം കനിഞ്ഞിരുന്നെങ്കിൽ , വ്യവസ്ഥകൾ അനുവദിച്ചിരുന്നെങ്കിൽ എന്നൊക്കെ  എന്നും ഓർത്തു നെടുവീർപ്പിടാറുള്ളതാണ്.എങ്കിലും എന്‍റെ ഹൃദയം നിറഞ്ഞു പതഞ്ഞു
ദുഃങ്ങളെയും നടന്നേക്കാമായിരുന്ന സാധ്യതകളെയും പുറത്തേക്കു തുപ്പി...

നിന്‍റെ പിറന്നാൾ....
നക്ഷത്രങ്ങൾക്ക് കീഴെയുള്ള നമ്മുടെ രാത്രികൾ....
നിന്നെ ഉദരത്തിൽ വഹിക്കാൻ കൊതിച്ചിരുന്ന എന്‍റെ ഗർഭപാത്രം....
നിന്‍റെ മകളും
നിന്‍റെ അമ്മയും
നിന്‍റെ പാതിയും ഞാൻ.
മാറു ചുരക്കുന്നതുപോലെ തോന്നി.  വേദനകൊണ്ട് അടിവയറു പിടയ്കുന്നു.
ഓരോ പിറന്നാളുകളിലും പതിവാണിതെല്ലാം .കാലത്തു പ്രാർത്ഥിച്ചു ഊണു ഉണ്ടാക്കും .
വിളമ്പുമ്പോൾ മതിയെന്നു പറയരുത്. ഉച്ചയുറക്കത്തിന് നിന്‍റെ തലയിണ ഞാൻ.....
എന്‍റെ ശ്വാസം..
നിന്‍റെ ശാന്തമായ മയക്കം...
  എന്‍റെ മാറിടം അപ്പോൾ സത്യമായും ചുരന്നു
നിന്‍റെ കുറുമ്പുകൾ....
നിന്‍റെ കണ്ണീർ വീണു പൊള്ളുന്ന എന്‍റെ പൊക്കിൾ.
എനിക്കും നിനക്കും ഇടയിൽ കാണാനാകാത്ത അനേകം പൊക്കിൾക്കൊടികൾ..
അവയിലൂടെ നിന്നിലേക്ക് കയ്‌പപ്പൊഴുകുന്നു 
നിയത് ശുദ്ധമാകുന്നു
എന്നിലേക്ക്  മധുരം നീറയുന്നു...

നീ അച്ഛനാവുന്നു...
നമ്മുടെ കുട്ടികൾ..
ഋതുവിന്റെ  കൊഞ്ചൽ..
സിദ്ധു കരയുമ്പോൾ എന്‍റെ അടിവയറു നോവും..
ആദ്യത്തെ കുഞ്ഞിനോടുള്ള തരിമ്പു  ഇഷ്ടക്കൂടുതൽ...
 

എന്‍റെ പ്രിയപെട്ടവനേ...  പുസ്തകങ്ങളാക്കിയ നിന്‍റെ കത്തുകൾക്കായി കാത്തിരുന്നു ഞാൻ തളർന്നു.
പ്രായമേറിയാലും  പ്രണയം കുറയില്ലല്ലോ...  ഞാനും നീയും
നമ്മുടെ ചെറിയ വീടും.
മുറ്റത്തെ വലിയ മരവും
മരത്തിലെ ഊഞ്ഞാലും
നീയും ഞാനും ഒന്നിച്ചിരിക്കാറുള ആ തടികസേരയും
നമ്മുക്കുണ്ടാവുന്ന കുഞ്ഞുങ്ങളും നമുക്കിഷ്ടമുള്ള ഞായറാഴ്ചകളും അങ്ങനെയെന്തെല്ലാമാണോ ഞാൻ വായിക്കാൻ കൊതിക്കുന്നത്.
ഇന്നും ഉറക്കം വരാത്ത രാത്രികളിൽ നിന്‍റെ ശബ്ദം  ഹൃദയത്തിൽ വീണ്ടും കവിതപോലെ കേൾക്കാറുണ്ട്.
നൂറ്.....
തൊണ്ണുയൊമ്പത്..
തൊണ്ണൂറ്റിയെട്ട്....

അമ്പത്തിയഞ്ചിന്റെ വഴിയിൽവെച്ച് ഉറക്കം എന്നെ  പിടിച്ചുവലിച്ചു കൊണ്ടുപോകുമ്പോൾ
എന്നെ പുതപ്പിച്ചു
നെറ്റിയിൽ ഉമ്മ തന്ന് 
വെളിച്ചം അണയ്ക്കുന്ന 
അച്ഛനാകും നീ.
നമ്മളിതായപ്പോൾ  നമുക്കു  എന്തെല്ലാമാണ് ഇല്ലാതായത്.
നീയും ഞാനും മാത്രമായി രണ്ടു വഴിക്ക്  നടക്കേണ്ടിവന്നപ്പോൾ  എത്ര വലിയ ലോകമാണ് അനാഥമായത്?
പ്രിയപെട്ടവനേ...
ഏറ്റവും നല്ല എഴുത്തുകാരാ...  എവിടെയെങ്കിലും നീയുണ്ട് എന്നറിയാം... ദയവു ചെയ്ത് എനിക്ക് എഴുതൂ....  വാക്കുകൾക്കിടയിൽ മന്ത്രം ഒളിപ്പിച്ച കഥകളും കവിതകളുമായി അവ പിച്ചവെക്കട്ടെ...
നിന്‍റെ പിറന്നാളുകൾ,
എന്നെ അനാഥയായ അമ്മയെപ്പോലെ പെരുവഴിയിൽ അലയ്ക്കുന്നു.
നിനക്കു ഒരുപിടി ചോറും മുലപ്പാലും തരാതെ  ഞാൻ നൊന്തു പൊടിഞ്ഞു പോകുന്നു...