Thursday, July 30, 2015

ത്രാസ്...

ജനല്ചില്ല് തുറന്നപ്പോള്‍ കാറ്റില്‍ കുഴഞ്ഞ
നിലാവെട്ടം അകത്തുവന്ന്
മുറിയുടെ കോണില്‍ പതുങ്ങി നിന്നു.
പുറത്തെ പേരറിയാത്ത ഏതോ മരത്തിന്റെ
 ഇലകളുടെ ഇടയില്‍ നിന്ന് വലയില്‍ കുടുങ്ങിയ
 മീനിനെ പോലെ   പോലെ ചന്ദ്രന്‍ വേദനയോടെ 
എന്നെ നോക്കി
ഞാന്‍ തൂക്കുകയര്‍ വിധിച്ച കൊലയാളി
  ഇപ്പോള്‍ ചലനമറ്റ്, അടയാത്ത കണ്ണുകളോടെ ലോകത്തെ നോക്കി തൂങ്ങിയാടുന്നുണ്ടാകും...!
നിലാവിന്റെ കൂടെ വന്ന പേടി ,
മൂര്‍ച്ചയുള്ള നാവുകൊണ്ട് 
എന്റെ അടുത്തേക്ക് വന്നപ്പോള്‍ 
പൊതുനീതിയെന്ന പുതപ്പുകൊണ്ട്‌ 
എന്റെ കണ്ണുമൂടി ഉറക്കം നടിച്ചു ഞാന്‍ കിടന്നു

Tuesday, July 7, 2015

ഇരുട്ടില്‍ ഒളിപ്പിച്ചത്..

അവൾ അന്വേഷിച്ചു കൊണ്ടിരുന്നു
"പൂമ്പാറ്റകൾ എവിടെയാണ് ഉറങ്ങുന്നത് ?
ഒരു കരിമേഘം മാറിയപ്പോൾ കുത്തിയൊഴുകി വന്ന
നിലാവ് അവിടെയാകെ തളം  കെട്ടി
രാവിന്റെ പരമ രഹസ്യങ്ങൾ വെളിവാകാൻ തുടങ്ങിയതിൽ
മനം നൊന്തു പ്രകൃതി ഒന്നു  തേങ്ങി
വഴിയിൽ കണ്ട കുറച്ചു കരിവണ്ടുകളോട് അവൾ
ചിത്രശലഭങ്ങൾ എവിടെ പാർക്കുന്നുവെന്നു തിരക്കി  ...
"അവ ഉറങ്ങാറില്ലല്ലോ  ..നിറവും അഴകുമെല്ലാം
കയ്യിൽ  ഇരിക്കുമ്പോൾ അവ എങ്ങനെ ഉറങ്ങും ...
രാത്രിയുടെ കറുപ്പിൽ അവ ലയിച്ചു  ചേരുകയാണ് പതിവ് ..
പക്ഷെ നീ എന്തിനാണ് ഈ കാട്ടിലേക്ക് വന്നത്?
നിന്റെ അഴകും നിറവുമെല്ലം അത് പോലെ ഇല്ലാതാക്കാനുള്ള വിദ്യ നിനക്കറിയുമോ ?"
അവൾ കരഞ്ഞു കൊണ്ട് പറഞ്ഞു...
"ഞങ്ങൾ നാട്ടിലെ പൂമ്പാറ്റകൾക്ക്   ഇതൊന്നും അറിയില്ല ..."
വണ്ട്‌ അവളെ അനുഗ്രഹിച്ചു
കരിനീല നിറം അവളിൽ നിറഞ്ഞു
പിന്നീടാരും അവളെ കണ്ടില്ല ...
മായാത്ത ഇരുട്ടിൽ  എവിടെയോ
തൻറെ  ചിറകുകളും ഒളിപ്പിച്ചു അവൾ ലയിച്ചു ചേർന്നിരുന്നു