Friday, April 24, 2015

മഴയും പ്രണയവും

മഴ പെയ്യുമ്പോള്‍ വെള്ളത്തുള്ളികള്‍
 മാത്രമാണോ താഴേക്ക്‌ വരുന്നത് ?
മണ്ണിനെ മനസാക്കി എഴുതിയ കുറെ കവിതകള്‍
മുളകളായി പൊട്ടിവിരിയാന്‍
സ്വര്‍ഗം അനുഗ്രഹിക്കുന്നതു അപ്പോഴല്ലേ ?
നന്മയും സന്തോഷവും വിരഹവും പ്രണയവും
ദുഖവും മരണവുമെല്ലാം പല നിറങ്ങളില്‍ പെയ്യുന്നില്ലേ ?
മഴതുള്ളിയില്‍ നിറമില്ല എന്നാരാ പറഞ്ഞെ ?
ഒരായിരം മഴവില്ലിനെ
ഗര്‍ഭം ധരിച്ചല്ലേ ഓരോ തുള്ളിയും താഴേക്ക്‌ പറക്കുന്നത്?
ഓരോ മഴത്തുള്ളിയും ഒരായിരമായി
വേര്‍പിരിഞ്ഞു കവിളില്‍ വന്നു
ചുംബിക്കും പോലെയാണ് പ്രണയം
എന്നവനു തോന്നി
പനിചൂടില്‍ ഉരുകുമ്പോള്‍
നെറ്റിയില്‍ നനച്ചിട്ട തുണിതുമ്പില്‍ നിന്ന്
കിട്ടുന്ന തണുപ്പിന്റെ സുഖം പോലെ....
"പുതുമഴ കൊള്ളേണ്ട...പനിപിടിക്കും"
എന്ന വാക്കുകളെ മുറിച്ചു
പെരുമഴക്കാട്ടിലേക്ക് ഓടിക്കയറുന്ന
കുട്ടിയുടെ വാശി പോലെ ...
വെയില്‍ അധ്വാനിക്കാനും
മഴ പ്രണയിക്കാനും ഓര്‍മിപ്പിക്കുന്നു എന്ന്
 പണ്ടാരോ പറഞ്ഞപോലെ
പ്രണയത്തിന്റെ ഓരോ നിറങ്ങളും
ഒരു മഴക്കും മറ്റു മഴക്കും ഇടയിലുള്ള
ആ തണുത്ത കാറ്റിനേക്കാള്‍ സുഖകരമാണ്
എന്ന് അവന്‍ ഓര്‍ത്തു...
പ്രണയപ്പനി പിടിക്കും എന്നറിഞ്ഞിട്ടും
എന്തെ പുതുമഴ നനഞ്ഞത്‌ ?
പനി വരുന്നത് നല്ലതാ...
ഉള്ളിലെ ആശുധികളെ
ചൂടാല്‍ ഉരുക്കി അത് പുറം തള്ളുന്നില്ലേ..



Wednesday, April 1, 2015

കൊലച്ചതികള്‍....!

വയറ്റില്‍ അതേ  ഇടിയും തൊഴിയുമാണ്...
എന്ത് കുറുമ്പനായിരിക്കും അകത്തു
ഉള്ളതെന്നോര്‍ത്തു അവള്‍ മെല്ലെ
ചിരിച്ചു...
ഇപ്പോള്‍ തീരെ വയ്യതായിട്ടുണ്ട്...
ക്ഷീണവും അസ്വസ്ഥതയും കൂടുതല്‍ ആണ്...
ഒന്നും കഴിക്കാനും കഴിയുന്നില്ല..
എന്നാ ഇവന്‍ ഒന്ന് പുറത്തു വരുക...!
വയറില്‍ തഴുകി കൊണ്ട് അവള്‍ ഓര്‍ത്തു...
മുറിക്കു വെളിയില്‍...കഴിക്കാത്ത ഭക്ഷണം പാത്രത്തില്‍ നിന്ന് മാറ്റാന്‍ അവളുടെ ഭര്‍ത്താവ് വന്നു നില്‍പ്പുണ്ടായിരുന്നു...
കുഞ്ഞു ജീവൻ തുടിപ്പ്  വെച്ച നാളിൽ  കീചകവധം ആട്ടക്കഥ
 ഡോക്ടര്‍ക്ക്‌വന്‍തുക കൊടുത്തു അവളുടെ വയറ്റില്‍ കളിപ്പിച്ചപ്പോള്‍ അയാള്‍ അറിഞ്ഞിരുന്നില്ല ആ ജീവന്റെ സത്തെല്ലാം ഊറി വന്നു അവളുടെ കാലിലെ ചങ്ങല ക്കഷ്ണങ്ങളായി
രൂപമെടുക്കുമെന്ന്‍....!
പക്ഷെ....അവള്‍  അപ്പോഴും വയറ്റില്‍ ചുമക്കുന്നുണ്ടായിരുന്നു
എപ്പോഴും ഉള്ള അനക്കങ്ങളായി....
ചവിട്ടലും കുത്തലുകളുമായി...
ആ കുറുമ്പുകാരനെ ...!
വര്‍ഷങ്ങളായി ചുമക്കുകയാണ്...ഒരിക്കലും  വെളിച്ചം കാണാന്‍ സമ്മതിക്കാതെ...
.അവളുടേത്‌ മാത്രമായി അങ്ങനെ....